ഇന്ത്യ – ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം രണ്ടാം സെഷൻ ആരംഭിച്ചിരിക്കുകയാണ്. ഒന്നാം സെഷനിൽ ക്യാപ്റ്റൻ രോഹിത് ശർമ (6), ശുഭ്മാൻ ഗിൽ (0), വിരാട് കോഹ്ലി (6) എന്നിവരുടെ വിക്കറ്റുകൾ അതിവേഗം നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടി ആയിരുന്നു. എന്നിരുന്നാലും, ഓപ്പണർ യശാവി ജയ്സ്വാൽ ഋഷഭ് പന്ത് എന്നിവർ ഒന്നാം സെഷൻ അവസാനിക്കുമ്പോൾ ക്രീസിൽ തുടരുന്നത് ആയിരുന്നു ഇന്ത്യക്ക് ആശ്വാസം. ജയിസ്വാലും പന്തും ചേർന്ന്
നാലാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് ആണ് സൃഷ്ടിച്ചത്. 34/3 എന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോഴാണ്, ജയിസ്വാളിന് കൂട്ടായി പന്ത് എത്തിയത്. ഒടുവിൽ 62 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും ചേർന്ന് സൃഷ്ടിച്ചു. ഇന്ത്യയുടെ ആദ്യ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ ഹസൻ മഹ്മൂദ് ഋഷഭ് പന്തിനെയും പുറത്താക്കി ഇന്ത്യക്ക് വീണ്ടും തിരിച്ചടി നൽകുകയായിരുന്നു. ഋഷഭ് പന്ത് 52 പന്തിൽ 6 ബൗണ്ടറികൾ ഉൾപ്പെടെ 39 റൺസ് നേടി. ശേഷം, കെൽ രാഹുലും ജയിസ്വാളും ചേർന്ന് അഞ്ചാം വിക്കറ്റിൽ 48 റൺസ് കൂട്ടിച്ചേർത്തു.
സീനിയർ ബാറ്റർമാർ പതറിയ എംഎ ചിന്നസ്വാമി സ്റ്റേഡിയത്തിൽ, യശാവി ജയിസ്വാൾ ആണ് തല ഉയർത്തി നിന്നത്. 118 പന്ത് നേരിട്ട ജയിസ്വാൾ, 9 ബൗണ്ടറികൾ സഹിതം 56 റൺസ് സ്കോർ ചെയ്തു. അർദ്ധ സെഞ്ച്വറി നേടിയ ജയിസ്വാളിനെ നാഹിദ് റാനയാണ് പുറത്താക്കിയത്. ജയിസ്വാൾ പുറത്തായതിന് പിന്നാലെ 16 റൺസ് എടുത്ത കെഎൽ രാഹുലും വിക്കറ്റ് നഷ്ടപ്പെടുത്തി. മെഹദി ഹസൻ മിറാസ് ആണ് രാഹുലിന്റെ വിക്കറ്റ് എടുത്തത്.
നിലവിൽ 44 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ (4*), രവിചന്ദ്രൻ അശ്വിൻ (11*) എന്നിവരാണ് ഇപ്പോൾ ബാറ്റ് ചെയ്യുന്നത്. ബംഗ്ലാദേശിന് വേണ്ടി 24-കാരനായ ഹസൻ മഹ്മൂദ് ഇതിനോടകം നാല് വിക്കറ്റുകൾ വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ആതിഥേയരുടെ നില നിലവിൽ പരിതാപകരമാണ്. എന്നിരുന്നാലും, വാലറ്റം ഇന്ത്യയെ മികച്ച ടോട്ടലിലേക്ക് നയിക്കും എന്ന് പ്രതീക്ഷിക്കാം. Yashasvi Jaiswal half-century offers hope amidst Indian collapse against Bangladesh