ബംഗ്ലാദേശിനെതിരായ ഹൈദരാബാദ് ടി20 മത്സരത്തിൽ സെഞ്ച്വറി നേടിയ ശേഷം സഞ്ജു സാംസൺ നടത്തിയ സെലിബ്രേഷൻ ശ്രദ്ധേയമായിരുന്നു. മുൻപ് നടത്തിയിട്ടുള്ള സെലിബ്രേഷന് സമാനമായി, തന്റെ മസിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് സഞ്ജു സെഞ്ച്വറി ആഘോഷിച്ചത്. ഇപ്പോൾ, കേരളത്തിൽ എത്തിയ ശേഷം മാധ്യമങ്ങളെ കണ്ട സഞ്ജു, തന്റെ സെലിബ്രേഷന് പിന്നിലെ രഹസ്യം ആരാധകരോട് വെളിപ്പെടുത്തിയിരിക്കുകയാണ്.
താൻ 90 റൺസ് ഒക്കെ പിന്നിട്ടപ്പോഴെ സെഞ്ച്വറി നേടിയാൽ നടത്താനുള്ള സെലിബ്രേഷനെ കുറിച്ച് ചിന്തിച്ചിരുന്നു എന്ന് തുറന്നു പറഞ്ഞ സഞ്ജു, എന്നാൽ അന്നേരം ഈ സെലിബ്രേഷൻ തന്റെ മനസ്സിൽ വന്നിരുന്നില്ല എന്നും പറഞ്ഞു. തുടർന്ന്, സെഞ്ച്വറി നേടിയ ശേഷം ഡഗ് ഔട്ടിൽ ഉണ്ടായിരുന്ന തന്റെ സഹതാരങ്ങളാണ് തന്നോട് മസിൽ പ്രദർശിപ്പിച്ചുള്ള സെലിബ്രേഷൻ നടത്താൻ ആവശ്യപ്പെട്ടത് എന്ന് സഞ്ജു വെളിപ്പെടുത്തി. ഈ സെലിബ്രേഷന് പിന്നിൽ എന്താണ് താൻ ഉദ്ദേശിക്കുന്നത് എന്നും സഞ്ജു വ്യക്തമാക്കി.
താൻ വലിയ മസിൽമാൻ ഒന്നുമല്ല എന്ന് തനിക്ക് ബോധ്യം ഉണ്ട് എന്ന് പറഞ്ഞ സഞ്ജു, എന്റെ മാനസികമായ കരുത്ത് ആണ് താൻ ഈ സെലിബ്രേഷനിലൂടെ പ്രദർശിപ്പിച്ചത് എന്നും വ്യക്തമാക്കി. അതേസമയം, തന്റെ സെലിബ്രേഷൻ ഏറ്റെടുത്ത ആരാധകർ ‘സൂപ്പർമാൻ’ എന്നൊക്കെ വിശേഷിപ്പിക്കുന്നത് കാണുമ്പോൾ തനിക്ക് സന്തോഷം ഉണ്ട് എന്നും സഞ്ജു തുറന്നു പറഞ്ഞു. മാത്രമല്ല, മോശം ഇന്നിങ്സ് പുറത്തുവരുമ്പോൾ അടുത്ത മൂന്ന് ദിവസത്തോളം താൻ വിഷമിക്കാറുണ്ട് എന്ന് പറഞ്ഞ് സഞ്ജു,
മികച്ച ഇന്നിങ്സ് പുറത്തെടുക്കുമ്പോൾ അതിന്റെ സന്തോഷവും ഉണ്ടാകാറുണ്ട് എന്ന് വ്യക്തമാക്കി. സെഞ്ച്വറി നേടിയ ഇന്നിങ്സ് ഹൈലൈറ്റ് താൻ വീട്ടിൽ വീണ്ടും കാണാറുണ്ട് എന്ന് പറഞ്ഞ സഞ്ജു, അതിന്റെ സന്തോഷം കുറച്ച് ദിവസം തുടരാനാണ് തനിക്ക് ആഗ്രഹം എന്നും പറഞ്ഞു. അടുത്ത ദിവസങ്ങളിൽ കേരളത്തിന് വേണ്ടി രഞ്ജി മത്സരങ്ങൾ കളിച്ച് ഇനി ആഭ്യന്തര ക്രിക്കറ്റിൽ സജീവമാകാൻ ആണ് സഞ്ജു ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. Sanju Samson opens up about muscle celebration