Take a fresh look at your lifestyle.

മാർക്കോ ലെസ്കോവിക്കിന്റെ പകരക്കാരൻ സെർബിയയിൽ നിന്ന്, കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം പവർബാക്ക്

കേരള ബ്ലാസ്റ്റേഴ്‌സ് 2024-25 സീസണിലേക്കുള്ള സ്ക്വാഡിൽ പ്രതിരോധ ലൈനപ്പ് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ സജീവമാക്കിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിൽ ഉണ്ടായിരുന്ന വിദേശ താരങ്ങളിൽ മിലോസ് ഡ്രിൻസിക് ടീമിൽ തുടരുമ്പോൾ, സെർബിയൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിക് ക്ലബ്ബ് വിട്ട് പുതിയ തട്ടകത്തിലേക്ക് ചേക്കേറി. കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ 

പ്രതിരോധ കോട്ട കാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന ലെസ്കോവിക് ടീം വിട്ടതോടെ, ആ വിടവ് നികത്താനുള്ള പരിശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, സെർബിയൻ സെന്റർ ബാക്ക്‌ മിലോസ് വ്രഞ്ജനിനെ ടീമിൽ എത്തിക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. 28-കാരനായ ഡിഫൻഡർ 33-കാരനായ ലെസ്കോവിക്കിന്റെ വിടവ് നികത്താൻ പ്രാപ്തനാണ് എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൂട്ടൽ. 

നിലവിൽ സെർബിയൻ ക്ലബ്ബ് എഫ്കെ റാഡ്നിക് സർഡുലികയുടെ താരമാണ് മിലോസ് വ്രഞ്ജനിൻ. സെർബിയ, ലത്വിയ, ഹംഗറി എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള മിലോസ് വ്രഞ്ജനിൻ, കേരള ബ്ലാസ്റ്റേഴ്സിന് മികച്ച ഒരു മുതൽക്കൂട്ടാകും എന്ന് ക്ലബ്ബ് കരുതുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. അതേസമയം ക്ലബ്ബ് താരത്തെ സമീപിച്ചതായി വിവിധ സോഴ്സുകളിൽ നിന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ഒരു ഐഎസ്എൽ ക്ലബിന് പരമാവധി 6 വിദേശ താരങ്ങളെയാണ് സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക. കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ 5 വിദേശ താരങ്ങൾ ഉണ്ടെങ്കിലും, അഡ്രിയാൻ ലൂണ, നോഹ സദൗയ്, മിലോസ് ഡ്രിൻസിക് എന്നിവർ മാത്രമാണ് ടീമിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. ജോഷുവ സൊറ്റീരിയോ, ക്വാമി പെപ്ര എന്നിവർക്ക് കേരള ബ്ലാസ്റ്റേഴ്സിൽ തുടരണമെങ്കിൽ, പ്രീ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത് പരിശീലകന്റെ ഇഷ്ടം പറ്റേണ്ടതുണ്ട്. Kerala Blasters target Serbian defender Milos Vranjanin to replace Marko Leskovic