Nihal Sudeesh left Kerala Blasters squad: കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം നിഹാൽ സുധീഷിനെ ബ്ലാസ്റ്റേഴ്സ് 2024-25 സ്ക്വാഡിൽ നിന്ന് ഒഴിവാക്കി. 23-കാരനായ നിഹാൽ സുധീഷ് 2022 മുതൽ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീം അംഗമാണ്. ഇതുവരെ ബ്ലാസ്റ്റേഴ്സിന് വേണ്ടി 13 മത്സരങ്ങൾ കളിച്ച താരം, ഒരു ഗോൾ സ്കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 2023-24 സീസണിലെ മികച്ച തുടക്കത്തിന് ശേഷം, നിഹാൽ കേരള ബ്ലാസ്റ്റേഴ്സുമായി
2026 വരെ നീണ്ടുനിൽക്കുന്ന മൂന്നുവർഷത്തെ കോൺട്രാക്ട് എക്സ്റ്റൻഷനിൽ ഒപ്പു വച്ചിരുന്നു. ഇപ്പോൾ താരത്തെ ലോൺ അടിസ്ഥാനത്തിൽ ഐഎസ്എൽ ക്ലബ്ബായ പഞ്ചാബ് എഫ്സി ആണ് സൈൻ ചെയ്തിരിക്കുന്നത്. 2019-2021 കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് ബി ടീം അംഗമായിരുന്ന നിഹാൽ സുധീഷ്, പിന്നീട് ഒരു സീസൺ ഇന്ത്യൻ നേവിക്ക് വേണ്ടി കളിക്കുകയും, ശേഷം കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ തിരിച്ചെത്തുകയും ആയിരുന്നു.
കൊച്ചി സ്വദേശിയായ ഈ റൈറ്റ് വിംഗ് ഫോർവേഡ്, 2024-25 സീസൺ പഞ്ചാബ് എഫ്സിയിൽ കളിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. “കഴിവുള്ള യുവതാരത്തിന് അവന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ അത്യാവശ്യമായ ഗെയിം-ടൈമും മാച്ച് അനുഭവവും നൽകാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ക്ലബ്ബ് അവന്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കും,” കേരള ബ്ലാസ്റ്റേഴ്സ് ഇറക്കിയ സ്റ്റേറ്റ്മെന്റിൽ പ്രസ്താവിക്കുന്നു.
അതേസമയം, വലിയ ആവേശത്തോടെയാണ് ഈ സൈനിങ്ങിനെ പഞ്ചാബ് എഫ്സി കാണുന്നത്. “മിന്നൽ പാദങ്ങൾ, വിംഗിൽ തടയാനാകാത്തവൻ,” എന്നിങ്ങനെയാണ് നിഹാൽ സുധീഷിനെ പഞ്ചാബ് എഫ്സി വിശേഷിപ്പിക്കുന്നത്. നിഹാലിനെ സൈൻ ചെയ്ത ദിവസം തന്നെ ചെന്നൈ എഫ്സിയുടെ താരമായിരുന്ന യുവ മിഡ്ഫീൽഡർ നിൻതോയ്ഗംമ്പ മീതെയേയും പഞ്ചാബ് എഫ്സി സൈൻ ചെയ്തതായി അനൗൺസ് ചെയ്തു.