Kerala Blasters goalkeepers message to Sachin Suresh: കേരള ബ്ലാസ്റ്റേഴ്സ് അവരുടെ 2024-25 സീസണ് മുന്നോടിയായി ഉള്ള പരിശീലന സെഷനുകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ട്രാൻസ്ഫർ പ്രക്രിയകൾ പുരോഗമിക്കുമ്പോഴും, നിലവിലുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് തായ്‌ലൻഡിൽ പ്രീ സീസൺ പരിശീലനം ആരംഭിച്ചിരിക്കുന്നു. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് ഇതുവരെ സ്ക്വാഡിൽ ചേരാൻ സാധിച്ചിട്ടില്ല.
2020-23 കാലഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബി ടീം അംഗമായിരുന്ന സച്ചിൻ സുരേഷിനെ, 2023-24 സീസണിൽ ഒന്നാം നമ്പർ ഗോൾകീപ്പർ ആയി അവതരിപ്പിക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവന്റെ തീരുമാനം തെറ്റിയില്ല എന്ന് മാത്രമല്ല, അദ്ദേഹം പല മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത് തന്റെ മികവ് പ്രകടമാക്കി. എന്നാൽ സീസണ് മധ്യേ സംഭവിച്ച പരിക്ക് മൂലം അദ്ദേഹത്തിന് അവസാനഘട്ട മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
ശേഷം, ശസ്ത്രക്രിയയ്ക്ക് വിധേയനായ സച്ചിൻ സുരേഷ്, ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിൽ ആണ്. തായ്‌ലൻഡിൽ ചെലവഴിക്കുന്ന പ്രീ സീസൺ സ്ക്വാഡിൽ സച്ചിൻ സുരേഷിന്റെ പേര് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുത്തിയിട്ടില്ല. പുതിയ സീസണ് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് പുതിയ 3 ഗോൾകീപ്പർമാരെ ആണ് ടീമിൽ എത്തിച്ചിരിക്കുന്നത്. നോറ ഫെർണാണ്ടസ്, മുഹമ്മദ് അർബാസ്, സോം കുമാർ എന്നിവരാണ് ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലെ മറ്റു ഗോൾകീപ്പർമാർ.
ഇപ്പോൾ, ടീമിൽ എത്തിയ പുതിയ ഗോൾകീപ്പർമാരും, ഗോൾകീപ്പിംഗ് കോച്ച് ആയ സ്ലാവൺ പ്രകോവെക്കിയും തായ്‌ലൻഡിൽ നിന്ന് സച്ചിൻ സുരേഷിനെ ഒരു മെസ്സേജ് പങ്കുവെച്ചിരിക്കുകയാണ്. “ഞങ്ങൾ, നിങ്ങളെ മിസ്സ് ചെയ്യുന്നു സച്ചിൻ!” എന്നാണ് അവർ പങ്കുവെച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഗാർഡിയനുള്ള സന്ദേശം എന്നു പറഞ്ഞുകൊണ്ടാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം, സച്ചിൻ സുരേഷിന്റെ തിരിച്ചുവരവിന്റെ അപ്ഡേറ്റുകൾക്കായി ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുകയാണ്.