ഇന്ത്യ എ – ഇന്ത്യ ഡി ദുലീപ് ട്രോഫി മത്സരം രണ്ടാം ദിനം പുരോഗമിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ, ഒന്നാം ഇന്നിങ്സിൽ 290 റൺസിന് പുറത്തായിരിക്കുന്നു. ഇന്ത്യ ഡി ടീമിന്റെ പ്ലെയിങ് ഇലവനിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഇടം നേടിയതോടെയാണ് ഈ മത്സരം കേരള ക്രിക്കറ്റ് ആരാധകർക്കിടയിൽ ശ്രദ്ധേയമായത്. ആദ്യ ഇന്നിങ്സിൽ
ഇന്ത്യ ഡി ഫീൽഡ് ചെയ്തപ്പോൾ, വിക്കറ്റിന് പിറകിൽ മികച്ച പ്രകടനമാണ് സഞ്ജു നടത്തിയത്. ക്യാപ്റ്റൻ മായങ്ക് അഗർവാൾ (7), തിലക് വർമ്മ (10) തുടങ്ങിയ പ്രധാന താരങ്ങൾ നിരാശപ്പെടുത്തിയപ്പോൾ, ഷംസ് മുളാനി (89), തനുഷ് കൊട്ടിയൻ (53), റിയാൻ പരാഗ് (37) എന്നിവരാണ് ഇന്ത്യ എ ടീമിൽ മികച്ച പ്രകടനം പുറത്തെടുത്ത ബാറ്റർമാർ. അതേസമയം, ശ്രേയസ് അയ്യർ നായകനായ ഇന്ത്യ ഡി-ക്ക് വേണ്ടി ഹർഷിത് റാന 4 വിക്കറ്റുകൾ വീഴ്ത്തി ഗംഭീര ബൗളിംഗ് പ്രകടനം പുറത്തെടുത്തു.
അർഷദീപ് സിംഗ്, വിദ്വത് കവേരപ്പ എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. തുടർന്ന്, മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഡി ഇന്നിങ്സിന്റെ തുടക്കത്തിൽ പതറുന്ന കാഴ്ചയാണ് കാണുന്നത്. ഓപ്പണർ അതർവ ടൈഡെയെ (4) ഖലീൽ അഹമ്മദ് വിക്കറ്റിന് മുന്നിൽ കുടുക്കി ഇന്ത്യ എ-ക്ക് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചു. പിന്നാലെ, ഇന്ത്യ ഡി ക്യാപ്റ്റൻ ശ്രേയസ് അയ്യർ (0) റൺ ഒന്നും എടുക്കാതെ പുറത്തായിരിക്കുകയാണ്. ഖലീൽ അഹമ്മദ് തന്നെയാണ് ഈ വിക്കറ്റും വീഴ്ത്തിയത്. ഇതോടെ ഇന്ത്യ ഡി-യുടെ ബാറ്റിംഗ് പരുങ്ങലിൽ ആയിരിക്കുകയാണ്. നിലവിൽ യാഷ് ഡ്യൂബെ (7*), ദേവ്ദത് പടിക്കൽ (17*) എന്നിവരാണ് ക്രീസിൽ തുടരുന്നത്.
അഞ്ചാമനായി ക്രീസിൽ എത്താൻ കാത്തിരിക്കുകയാണ് സഞ്ജു സാംസൺ. ഒരു വിക്കറ്റ് കൂടി ഇന്ത്യ ഡി-ക്ക് നഷ്ടമായാൽ പിന്നീട് സഞ്ജുവിന്റെ ഊഴമാണ്. ഇപ്പോൾ ലഭിച്ച അവസരം മുതലെടുത്ത് മികച്ച പ്രകടനം നടത്തുന്നതിലൂടെ ഇന്ത്യ എ-ക്കെതിരെ തന്റെ ടീമിനെ മികച്ച ലീഡിലേക്ക് നയിക്കുക എന്നതിലുപരി, ദേശീയ ടെസ്റ്റ് ടീമിൽ അവസരം നേടുന്നതിനായി മികച്ച സ്ഥാനാർത്ഥി ആയി മാറുക എന്ന ലക്ഷ്യം കൂടി സഞ്ജുവിന് ഉണ്ട്. അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണാൻ ആരാധകരും കാത്തിരിക്കുകയാണ്. India A vs India D Sanju Samson have chance to shine in Duleep Trophy