എംഎ ചിദംബരം സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ ആധിപത്യം പുലർത്തി ബംഗ്ലാദേശ്. ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാരെ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറ്റി ബംഗ്ലാദേശ് ബൗളിംഗ് ഡിപ്പാർട്ട്മെന്റ് ഗംഭീര പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന്, ക്രീസിൽ എത്തിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ (6) അതിവേഗം മടക്കി
ബംഗ്ലാദേശ് ആതിഥേയർക്ക് ആദ്യ ഞെട്ടൽ നൽകി. ബംഗ്ലാദേശിന്റെ യുവ പേസർ ഹസൻ മഹ്മൂദ് ആണ് ഇന്ത്യൻ നായകന്റെ വിക്കറ്റ് എടുത്തത്. തുടർന്ന് ക്രീസിൽ എത്തിയ ശുഭ്മാൻ ഗില്ലിനെ (0) അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് മുന്നേ തന്നെ ഹസൻ മഹ്മൂദ് മടക്കി. ഗിൽ നേരിട്ട എട്ടാമത്തെ ബോളിൽ, അദ്ദേഹത്തെ വിക്കറ്റ് കീപ്പർ ലിറ്റൺ ദാസിന്റെ കൈകളിൽ ഹസൻ മഹ്മൂദ് ഭദ്രമായി എത്തിച്ചു. ശേഷം, ഇന്ത്യയുടെ വെറ്റെറൻ ബാറ്റർ വിരാട് കോഹ്ലി ക്രീസിൽ എത്തി. എന്നാൽ അദ്ദേഹത്തിന് പിടിച്ചുനിൽക്കാൻ സാധിച്ചില്ല.
6 റൺസ് മാത്രം സ്കോർ ചെയ്ത കോഹ്ലി, ഇന്നിങ്സിൽ നേരിട്ട ആറാമത്തെ പന്തിൽ വിക്കറ്റ് നഷ്ടപ്പെടുത്തി. ഇത്തവണയും ഹസൻ മഹ്മൂദ് തന്നെയാണ് വിക്കറ്റ് നേടിയത്. 24-കാരനായ ഹസൻ മഹ്മൂദ്, ഇതിനോടകം 7 ഓവർ ബൗൾ ചെയ്തപ്പോൾ, 14 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. നിലവിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 19 ഓവറുകൾ പിന്നിടുമ്പോൾ 76-3 എന്ന നിലയിലാണ്. ഓപ്പണർ യശാവി ജയിസ്വാൾ (36*),
ഋഷഭ് പന്ത് (22*) എന്നിവരാണ് ഇപ്പോൾ ക്രീസിൽ തുടരുന്നത്. 6 ബൗണ്ടറികൾ സഹിതം ജയിസ്വാൾ 36 റൺസ് സ്കോർ ചെയ്തപ്പോൾ, ഋഷഭ് പന്ത് ഇതിനോടകം 3 ബൗണ്ടറികൾ നേടി കഴിഞ്ഞു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 42 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യൻ ടീമിന് മികച്ച നിലയിലേക്ക് ഉയരണമെങ്കിൽ ഈ കൂട്ടുകെട്ട് തുടരേണ്ടതുണ്ട്. കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ തുടങ്ങിയവരാണ് അടുത്തതായി ബാറ്റ് ചെയ്യാൻ എത്താൻ ഉള്ളത്. Hasan Mahmood triple wicket strike leaves India reeling Kohli, Rohit Sharma, Gill out