Former Kerala Blasters striker to Bengaluru Fc: ഒരു ഐഎസ്എൽ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരെ, അടുത്ത സീസണുകളിൽ മറ്റു ഐഎസ്എൽ ക്ലബ്ബുകൾ ലക്ഷ്യമിടുന്നത് സാധാരണയാണ്. എന്നാൽ, ഒന്നിലധികം ഐഎസ്എൽ ക്ലബ്ബുകളിൽ കളിച്ച വിദേശ താരങ്ങളുടെ എണ്ണം കുറവാണ്. തീർച്ചയായും ഒന്നിലധികം ഐഎസ്എൽ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ടെങ്കിൽ, അത് ആ വിദേശ താരങ്ങളുടെ ഇന്ത്യൻ മണ്ണിലെ പ്രകടനത്തെ ഉയർത്തി കാണിക്കുന്നു.
ഇപ്പോൾ, ഈ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ജോർജെ പെരേര ഡയസ്. ഈ അർജന്റീനിയൻ സ്ട്രൈക്കർ 2021-ലാണ് അർജന്റീനിയൻ ക്ലബ്ബ് ആയ അത്‌ലറ്റികോ പ്ലാടെൻസിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. 2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 21 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ സ്കോർ ചെയ്ത പെരേര ഡയസിനെ, അടുത്ത സീസണിൽ മുംബൈ സിറ്റി സൈൻ ചെയ്തു.
മുംബൈ സിറ്റിക്കൊപ്പം 2 സീസണുകൾ കളിച്ച പെരേര ഡയസ്, ആകെ 54 കളികളിൽ നിന്ന് 27 ഗോളുകൾ ആണ് സ്കോർ ചെയ്തത്. 2022-23 ഐഎസ്എൽ ലീഗ് ഷീൽഡ്, 2023-24 ഐഎസ്എൽ കപ്പ് നേട്ടങ്ങൾ മുംബൈ സിറ്റിക്കൊപ്പം പെരേര ഡയസ് സ്വന്തമാക്കി. രണ്ട് സീസണുകളിൽ മുംബൈ സിറ്റിക്കൊപ്പം കളിച്ച പെരേര ഡയസ്, ഇപ്പോൾ ബംഗളൂരു എഫ്സിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. ഫ്രീ ട്രാൻസ്ഫറിൽ ആണ്
ബംഗളൂരു എഫ് സി ജോർജെ പെരേര ഡയസിനെ സൈൻ ചെയ്തിരിക്കുന്നത്. 33-കാരനായ സ്ട്രൈക്കറിൽ വലിയ പ്രതീക്ഷകളാണ് ബംഗളൂരു എഫ് സി അർപ്പിക്കുന്നത്. പെരേര ഡയസിനെ ടീമിൽ എത്തിച്ചതോടെ ബംഗളൂരു എഫ് സിയുടെ വിദേശ താരങ്ങളുടെ എണ്ണം 5 ആയി. കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനം ആണ് ബംഗളൂരു കാഴ്ചവച്ചത്. 12 ടീമുകൾ ഉണ്ടായിരുന്ന ലീഗിൽ പത്താം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്.