കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് മൂന്നാം പ്രീ-സീസൺ അങ്കം, എതിരാളികൾ അതിശക്തർ
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് (ജൂലൈ 20) അവരുടെ മൂന്നാം പ്രീ സീസൺ മത്സരത്തിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ, ആദ്യത്തെ മത്സരത്തിൽ പട്ടായ യുണൈറ്റഡ്നോട് 2-1 ന് പരാജയം വഴങ്ങിയ ബ്ലാസ്റ്റേഴ്സ്, ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ സമൂത് പ്രകാൻ എഫ്സിക്കെതിരെ 3-1 ന്റെ വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ മൂന്നാം മത്സരം, മുൻ എതിരാളികളെക്കാൾ ശക്തരോടാണ്.
നേരത്തെ കളിച്ച രണ്ട് ടീമുകളും തായ് ലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബുകളാണ്. മൂന്നാം പ്രീ സീസൺ സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ തായ് ലീഗ് ഫസ്റ്റ് ഡിവിഷൻ ക്ലബ് ആയ രച്ചബൂരി എഫ്സിയാണ്. 16 ടീമുകൾ പങ്കാളികളായ 2023-24 തായ് പ്രീമിയർ ലീഗിൽ ആറാം സ്ഥാനക്കാരായി ആണ് രച്ചബൂരി എഫ്സി ഫിനിഷ് ചെയ്തത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സീസൺ തുടങ്ങുന്നതിനു മുൻപുള്ള ഒരു ശക്തി പരീക്ഷണം കൂടിയാണ്.
ഇന്ത്യൻ സമയം ഉച്ചക്ക് 2:30 ന് മത്സരം ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സ് പരാജയം നേരിട്ട ആദ്യ മത്സരത്തിൽ, യുവ ഇന്ത്യൻ മിഡ്ഫീൽഡർ യോയ്ഹെൻബ മീതയ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് വിജയം നേടിയ രണ്ടാം സൗഹൃദ മത്സരത്തിൽ, ഇഷാൻ പണ്ഡിത, ക്വാമി പെപ്ര, മുഹമ്മദ് സഹീഫ് എന്നിവർ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്കോർ ചാർട്ടിൽ ഇടം നേടി. മൂന്നാം മത്സരം ബ്ലാസ്റ്റേഴ്സ് താരങ്ങളെയും പരിശീലകനെയും സംബന്ധിച്ചിടത്തോളം, സീസണിന് മുന്നോടിയായി
ടീമിന്റെ ശക്തി ദൗർബല്യങ്ങൾ മനസ്സിലാക്കാനുള്ള ഒരു അവസരം കൂടിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ വാർത്തകൾ പരിശോധിച്ചാൽ, മുൻ ഐഎസ്എൽ സീസണിൽ ഗോവക്ക് വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയ നോഹ സദൗയിയെ സൈൻ ചെയ്തതിന് ശേഷം, ഇപ്പോൾ മറ്റൊരു വിദേശ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുന്നതിലേക്ക് അടുക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ടീം വിട്ട ലെസ്കോവിക്കിന് പകരം ഒരു ഡിഫറെയാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. Kerala Blasters vs Ratchaburi fc third pre season friendly preview