മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ആഗ്രഹം, മധുര പ്രതികാരം വീട്ടി ഗോവ
ഐഎസ്എൽ ട്രാൻസ്ഫർ രംഗം ചൂട് പിടിച്ചിരിക്കെ, ഐഎസ്എൽ അനുഭവ പരിചയമുള്ള വിദേശ താരങ്ങൾക്ക് വേണ്ടി വിവിധ ക്ലബ്ബുകൾ വലിയ മത്സരമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ സീസണിൽ മോഹൻ ബഗാന്റെ താരമായിരുന്ന അൽബേനിയൻ ഫോർവേഡ് അർമാണ്ടോ സാദിക്കുവിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് സജീവമായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം,
കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് എഫ്സി ഗോവ 33-കാരനായ സ്ട്രൈക്കറുമായി വാക്കാൽ ധാരണ ആയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത് പ്രകാരം, സാദിക്കുവും ഗോവയും ധാരണയായി എന്നും, അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നും സൂചിപ്പിക്കുന്നു. മോഹൻ ബഗാനുവേണ്ടി കഴിഞ്ഞ സീസണിൽ, 30 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ സ്കോർ ചെയ്ത്
അവരുടെ ജയത്രയാത്രയിൽ നിർണായക പങ്കുവഹിച്ച സാദിക്കുവിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. നേരത്തെ ഗോവയുടെ നോവ സദൗയിയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. നോവ സദൗയ് ഒഴിച്ചിട്ട വിടവിലേക്കാണ് ഇപ്പോൾ അർമാണ്ടോ സാദിക്കുവിനെ ഗോവ എഫ് സി സ്വന്തമാക്കിയിരിക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ ഇത് കേരള ബ്ലാസ്റ്റേഴ്സിനോടുള്ള ഗോവയുടെ ഒരു മധുര പ്രതികാരം കൂടിയാണ്.
കഴിഞ്ഞ രണ്ട് സീസണുകളിൽ ആയി ഗോവക്ക് വേണ്ടി 54 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ സ്കോർ ചെയ്ത മൊറോക്കൻ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് രണ്ടുവർഷത്തെ കരാറിലാണ് എത്തിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം അർമാണ്ടോ സാദിക്കുവിനെ കൂടി ടീമിൽ എത്തിച്ച് മുന്നേറ്റം ഗംഭീരമാക്കാം എന്ന കേരള ബ്ലാസ്റ്റേഴ്സ് മോഹങ്ങൾക്കാണ് ഇപ്പോൾ ഗോവ തിരിച്ചടി ഏൽപ്പിച്ചിരിക്കുന്നത്. അതേസമയം മറ്റു ചില വിദേശ താരങ്ങളെ കൂടി ബ്ലാസ്റ്റേഴ്സ് സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. Goa FC signs Kerala Blasters target Armando Sadiku