തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ മൂന്നാം ദിനമായ ഞായറാഴ്ച ബംഗാളിന് 449 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യമാണ് കേരളം ഉയർത്തിയത്.183 റൺസിൻ്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം ചായ ഇടവേളയ്ക്ക് പിരിയുമ്പോൾ 265/6 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
ഓപ്പണർ രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി, ശ്രേയസ് ഗോപാൽ എന്നിവർ അർധസെഞ്ചുറി നേടി.ഓപ്പണിംഗ് വിക്കറ്റിൽ ജലജ് സക്സേനയും (37) കുന്നുമ്മലും 88 റൺസ് കൂട്ടിച്ചേർത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗാളിന് 77 റൺസ് നേടുന്നതിനിടയിൽ രണ്ടു വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്.ജലജ് സക്സേന ,ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. 33 റൺസുമായി അഭിമന്യു ഈശ്വരൻ ക്രീസിലുണ്ട്.നേരത്തെ, 172/8 എന്ന നിലയിൽ പുനരാരംഭിച്ച ബംഗാൾ മൂന്നാം ദിവസം രാവിലെ 180റൺസിന് തന്നെ ഓൾഔട്ടായി .കേരളത്തിനായി ജലജ് സക്സേന 9 വിക്കറ്റുകൾ നേടി.
ഇന്ന് 35 റൺസ് നേടിയ കരൺ ലാൽ 9 റൺസ് നേടിയ ജയ്സ്വാൾ എന്നിവരുടെ വിക്കറ്റുകളാണ് സക്സേന നേടിയത്.107/1 എന്ന നിലയിൽ നിന്നായിരുന്നു ബംഗാളിന്റെ തകർച്ച.ആദ്യ ഇന്നിങ്സിൽ ബംഗാൾ ഓപ്പണർ രഞ്ജോത് സിങ്ങിൻ്റെ വിക്കറ്റ് മാത്രമാണ് ജലജിന് സ്വന്തമാക്കാൻ സാധിക്കാതിരുന്നത്.ഫാസ്റ്റ് ബൗളർ എംഡി നിധീഷ് ആണ് വിക്കറ്റ് നേടിയത്.നാലാം നമ്പര്‍ ബാറ്റര്‍ സച്ചിന് ബേബി, അക്ഷയ് ചന്ദ്രന് എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ കേരളം ആദ്യ ഇന്നിഗ്സിൽ 127.3 ഓവറില്‍ 363 റണ്‍സെടുത്തു.
ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്താൻ ഒരു ബോണസ് പോയിൻ്റിൽ കേരളത്തിന് ജയിച്ചേ മതിയാകൂ.എട്ട് ടീമുകളുള്ള ഗ്രൂപ്പിൽ അഞ്ച് കളികളിൽ നിന്ന് 12 പോയിൻ്റുമായി ബംഗാൾ നാലാം സ്ഥാനത്താണ്.ഈ സീസണിൽ കന്നി ജയം തേടിയാണ് കേരളം ഇറങ്ങിയത്.ഗ്രൂപ്പ് ടോപ്പർമാരായ മുംബൈ (27 പോയിൻ്റ്) ഇതിനകം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചപ്പോൾ ആന്ധ്ര (22) രണ്ടാം സ്ഥാനത്താണ്.