ചെന്നൈ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ ആധിപത്യം പുലർത്
ഇന്ത്യ – ബംഗ്ലാദേശ് ചെന്നൈ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം അവസാനിച്ചിരിക്കുകയാണ്. ഒന്നാം ദിനം ബാറ്റിംഗ് നിർത്തിയിടത്തുനിന്ന് രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ, ആദ്യ സെഷനിൽ തന്നെ ഓൾഔട്ട് ആയി. രവിചന്ദ്രൻ അശ്വിന്റെ (113) സെഞ്ച്വറിയുടെയും, രവീന്ദ്ര ജഡേജ (86), യശസ്വി ജയിസ്വാൾ (56) എന്നിവരുടെ അർദ്ധ സെഞ്ചുറിയുടെയും പിൻബലത്തിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 376 റൺസ് സ്കോർ ചെയ്തു. ഒന്നാം ഇന്നിങ്സിൽ
ബംഗ്ലാദേശിന് വേണ്ടി ഹസൻ മഹ്മൂദ് 5 വിക്കറ്റുകളും, ടാസ്കിൻ അഹ്മദ് 3 വിക്കറ്റുകളും സ്വന്തമാക്കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ പേസർമാർ അക്ഷരാർത്ഥത്തിൽ തകർക്കുന്ന കാഴ്ചയാണ് കണ്ടത്. ജസ്പ്രീത് ബുമ്രയും ആകാശ് ദീപും ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തിയത് ബംഗ്ലാദേശിനെ കുഴപ്പിച്ചു. ഇതോടെ 149 റൺസ് എടുത്തപ്പോഴേക്കും ബംഗ്ലാദേശ് ഓൾഔട്ട് ആയി. ശാക്കിബ് അൽ ഹസ്സൻ ആണ് ബംഗ്ലാ കടുവകളുടെ ഒന്നാം ഇന്നിങ്സ് ടോപ്പ് സ്കോറർ.
ഇന്ത്യൻ ബൗളർമാരിൽ ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. തുടർന്ന് ഇന്ത്യ ബംഗ്ലാദേശിനെ ഫോളോ ഓൺ ചെയ്യിപ്പിക്കാതെ, രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ചു. ഒന്നാം ഇന്നിങ്സിലേതിന് സമാനമായി രണ്ടാം ഇന്നിംഗ്സിലും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ (5) നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്സിൽ അർദ്ധ സെഞ്ച്വറി നേടിയ യശസ്വി ജയിസ്വാളും (10) വേഗത്തിൽ പുറത്തായി. വിരാട് കോഹ്ലിയും (17) രണ്ടാം ദിനം അവസാനിക്കുന്നതിന് മുന്നേ വിക്കറ്റ് നഷ്ടപ്പെടുത്തി.
ശുഭ്മാൻ ഗിൽ (33*), ഋഷഭ് പന്ത് (12*) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഇപ്പോൾ ക്രീസിൽ തുടരുന്നത്. അതേസമയം, യശസ്വി ജയിസ്വാൾ ഒരു എലൈറ്റ് പട്ടികയിൽ ഇടം നേടി. കരിയറിലെ ആദ്യ 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത കളിക്കാരുടെ പട്ടികയിൽ ഒന്നാമത്തെ ഇന്ത്യക്കാരനായി യശസ്വി ജയിസ്വാൾ (1094 റൺസ്) മാറി. സുനിൽ ഗവാസ്ക്കറുടെ (978) പേരിൽ ആയിരുന്നു മുൻപ് ഈ റെക്കോർഡ്. മാത്രമല്ല, ഈ പട്ടികയുടെ ലോക റാങ്കിംഗ് പരിശോധിച്ചാൽ, ഇതിഹാസതാരങ്ങളായ ഡോൺ ബ്രാഡ്മാൻ (1446), എവർൺ വീക്കസ് (1125), ജോർജ് ഹെഡ്ലി (1102) എന്നിവർക്ക് പിറകിലായി നാലാമനാണ് യശസ്വി ജയിസ്വാൾ. India dominates Bangladesh on Day 2 of Chennai Test