ചിരിക്കുന്ന മുഖമുള്ള ആൾ ആരെന്ന് മനസ്സിലായോ?? ഇന്നത്തെ സൂപ്പർ സ്റ്റാർ നടൻ??
സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന സിനിമയ്ക്ക് വേണ്ടി നൂറു ശതമാനം സമർപ്പണ ബോധത്തോടെ ഹാർഡ് വർക്ക് ചെയ്യുന്ന രണ്ട് സഹോദരങ്ങൾ. മലയാള സിനിമയ്ക്ക് ഒരുപാട് നടീനടന്മാരെ സംഭാവനചെയ്ത സംവിധായകനും നിർമാതാവുമായ പിതാവിന്റെ മക്കൾ. എന്നിട്ടും പിതാവിന്റെ കൈ സഹായം ഇല്ലാതെ തങ്ങളുടെ അഭിനയമികവുകൊണ്ട് മലയാള സിനിമയിൽ താരങ്ങളായി മാറിയ രണ്ട് നടന്മാർ.
പറഞ്ഞുവരുന്നത് മലയാളത്തിലെ സൂപ്പർ സംവിധായകനായ ഫാസിലിന്റെ മക്കൾ ഫഹദ് ഫാസിലിനെയും ഫർഹാൻ ഫാസിലിനെയും കുറിച്ചാണ്. മലയാള സിനിമയിൽ ഇന്ന് നായക നടനായി തിളങ്ങിനിൽക്കുന്ന ഫഹദ് ഫാസിലിന്റെയും അദ്ദേഹത്തിന്റെ സഹോദരനും നടനുമായ ഫർഹാൻ ഫാസിലിന്റെയും ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. പ്രശസ്ത സംഗീത സംവിധായകനായ ഇളയരാജ പകർത്തിയ ചിത്രം എന്ന അടിക്കുറിപ്പോടെ ഫർഹാൻ ഫാസിൽ ഒരിക്കൽ തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവെച്ച ചിത്രമാണിത്.
ഫാസിൽ സംവിധാനം ചെയ്ത ‘കൈ എത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. പിന്നീട്, വർഷങ്ങൾക്ക് ശേഷം ‘കേരള കഫേ’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ ഫഹദ് ഫാസിൽ, ചെറിയ വേഷങ്ങളിലൂടെ മലയാളസിനിമയിൽ തന്റെ ഇടം കണ്ടെത്താൻ ആരംഭിച്ചു. പിന്നീട് മലയാളികൾക്ക് മുന്നിൽ തന്റെ അഭിനയമികവ് പ്രദർശിപ്പിച്ചുകൊണ്ട് ഫഹദ് ഫാസിൽ നേടിയെടുത്തത് യുവനടന്മാരിലെ സൂപ്പർസ്റ്റാർ പദവിയാണ്.
രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയാണ് ഫർഹാൻ ഫാസിൽ വെള്ളിത്തിരയിലെത്തുന്നത്. പിന്നീട്, ‘ബഷീറിന്റെ പ്രേമലേഖനം’, ‘അണ്ടർവേൾഡ്’ എന്നീ ചിത്രങ്ങളിലൂടെ മലയാളം സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി. ഏറ്റവുമൊടുവിൽ മമ്മൂട്ടി നായകനായി എത്തിയ ‘ഭീഷ്മപർവം’ എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഫർഹാൻ ഫാസിൽ തന്റെ പേര് മലയാള സിനിമയിൽ ഉയർത്തിക്കാട്ടി.