ഇന്ത്യക്ക് ആദ്യ സ്ട്രൈക്ക് സമ്മാനിച്ച് അശ്വിൻ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റെക്കോർഡ് നേട്ടവും
ഇന്ത്യ – ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തിലെ പരാജയത്തിന് മറുപടി നൽകണം എന്ന ലക്ഷ്യത്തോടെയാണ് ആതിഥേയരായ ടീം ഇന്ത്യ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇറങ്ങിയിരിക്കുന്നത്. ഒന്നാം ടെസ്റ്റ് മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായി ആണ് ഇന്ത്യ ഇന്ന് കളത്തിൽ എത്തിയിരിക്കുന്നത്. കെഎൽ രാഹുൽ, കുദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർക്ക് പകരം
ശുഭ്മാൻ ഗിൽ, വാഷിംഗ്‌ടൺ സുന്ദർ, ആകാശ് ദീപ് എന്നിവർ ഇന്ത്യൻ ഇലവനിൽ ഇടം നേടി. മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ സന്ദർശകരെ ഞെട്ടിച്ചുകൊണ്ട്, അവരുടെ ക്യാപ്റ്റനും ഓപ്പണറുമായ ടോം ലഥാമിനെ പുറത്താക്കി രവിചന്ദ്രൻ അശ്വിൻ മത്സരത്തിലെ ആദ്യ ഇമ്പാക്ട് കൊണ്ടുവന്നു. 22 പന്തിൽ 15 റൺസ് എടുത്ത ടോം ലഥാമിനെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. അശ്വിൻ ടോം ലഥാമിനെ പുറത്താക്കിയതോടെ ശ്രദ്ധേയമായ ഒരു
കണക്ക് പുറത്തുവന്നിരിക്കുകയാണ്. ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ 11 ഇന്നിങ്സുകളിൽ അശ്വിൻ ടോം ലഥാമിനെതിരെ പന്തെറിഞ്ഞിട്ടുണ്ട്. ആകെ 360 ബോളുകൾ അശ്വിൻ എറിഞ്ഞതിൽ നിന്ന്, ടോം ലഥാം 128 റൺസ് നേടിയിട്ടുമുണ്ട്. എന്നാൽ, ഇരുവരും നേർക്കുനേർ വന്ന 11 ഇന്നിങ്സുകളിൽ ടോം ലഥാമിനെ 9 തവണയും അശ്വിൻ പുറത്താക്കി എന്നതാണ് ശ്രദ്ധേയം. മാത്രമല്ല, വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പുതിയൊരു റെക്കോർഡ് സൃഷ്ടിക്കുന്നതിന്റെ അരികിൽ എത്തിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പർ സ്പിന്നർ.
ASHWIN STRIKES IN HIS FIRST OVER 👌
— Johns. (@CricCrazyJohns) October 24, 2024
– What a champion, India on charge at Pune. pic.twitter.com/oJOCsGZPAZ
ഈ മത്സരം തുടങ്ങുന്നതിന് മുൻപ് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരൻ ആകാൻ അശ്വിന് രണ്ട് വിക്കറ്റുകൾ ആണ് വേണ്ടിയിരുന്നത്. ഇപ്പോൾ ഒരു വിക്കറ്റ് കൂടി നേടിയതോടെ അശ്വിന്റെ വിക്കറ്റുകളുടെ എണ്ണം 187-ൽ എത്തി. നിലവിൽ 39 വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ നിന്ന് 187 വിക്കറ്റുകൾ നേടിയ അശ്വിൻ ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോണുമായി ഒന്നാം സ്ഥാനം പങ്കിടുകയാണ്. എന്നാൽ ഒരു വിക്കറ്റ് കൂടി അശ്വിൻ വീഴ്ത്തിയാൽ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് ടേക്കർ ആയി അശ്വിൻ മാറും. Ashwin strikes early for India as New Zealand lose Latham