ദുലീപ് ട്രോഫിയിൽ സഞ്ജു സാംസൺ ഷോ!! ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 11-ാം സെഞ്ചുറി
ദിലീപ് ട്രോഫി ടൂർണമെന്റിൽ സെഞ്ച്വറി നേടി സഞ്ജു സാംസൺ. ഇന്ത്യ ബി-ക്കെതിരായ മത്സരത്തിലാണ് ഇന്ത്യ ഡി താരമായ സഞ്ജു സാംസൺ സെഞ്ച്വറി നേട്ടം കൈവരിച്ചത്. 2024 ദിലീപ് ട്രോഫി മൂന്നാം റൗണ്ട് മത്സരത്തിൽ അനന്തപുരിൽ ഇന്ത്യ ഡി-ക്ക് വേണ്ടി ആറാമനായി ആണ് സഞ്ജു ബാറ്റ് ചെയ്യാൻ എത്തിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (0) ഡക്കിന് പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ സഞ്ജു സാംസൺ,
മികച്ച നിലവാരമാണ് പുലർത്തിയത്. മത്സരത്തിന്റെ ആദ്യ ദിനമായ ഇന്നലെ (സെപ്റ്റംബർ 19) മത്സരം അവസാനിപ്പിക്കുമ്പോൾ സഞ്ജു സെഞ്ച്വറിക്ക് 11 റൺസ് അകലെ പുറത്താകാതെ നിൽക്കുകയായിരുന്നു. തുടർന്ന്, ഇന്ന് മത്സരം ആരംഭിച്ച ആദ്യ സെഷനിൽ തന്നെ സഞ്ജു സെഞ്ച്വറി പൂർത്തിയാക്കി. 95 പന്തുകളിൽ നിന്നാണ് സഞ്ജു സാംസൺ സെഞ്ച്വറി നേടിയത്. ഇത് അദ്ദേഹത്തിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 11-ാം സെഞ്ചുറി നേട്ടമാണ്. സെഞ്ച്വറി നേടിയതിന് പിന്നാലെ സഞ്ജു സാംസൺ
പുറത്താവുകയും ചെയ്തിരിക്കുന്നു. 101 പന്തിൽ പന്ത്രണ്ട് ഫോറും മൂന്ന് സിക്സും സഹിതം 106 റൺസ് ആണ് സഞ്ജു സാംസൺ സ്കോർ ചെയ്തത്. ഒടുവിൽ നവ്ദീപ് സൈനി ആണ് സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയത്. 175/4 എന്ന നിലയിൽ ഇന്ത്യ ഡി നിൽക്കുമ്പോഴാണ് സഞ്ജു ക്രീസിൽ എത്തിയത്. നിലവിൽ ഇന്ത്യ ഡി 349 റൺസിന് ഓൾഔട്ട് ആയിരിക്കുന്നു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഡി മികച്ച ടോട്ടലിൽ എത്താൻ കാരണമായത് സഞ്ജുവിന്റെ ഇന്നിങ്സ് ആണ്.
സഞ്ജുവിന്റെ സെഞ്ച്വറിക്ക് പുറമെ ഇന്ത്യ ഡി-ക്ക് വേണ്ടി ദേവ്ദത്ത് പടിക്കൽ (50), ശ്രീകാർ ഭരത് (52), റിക്കി ഭുയ് (56) എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടി. അതേസമയം ഇന്ത്യ ബി-ക്ക് വേണ്ടി നവ്ദീപ് സൈനി 5 വിക്കറ്റ് നേട്ടം കൈവരിച്ചു. കൂടാതെ രാഹുൽ ചഹർ 3 വിക്കറ്റുകളും സ്വന്തമാക്കി. Sanju Samson hammered a remarkable hundred for India D in Duleep Trophy